Kerala
എടപ്പാള്‍:കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടയില്‍ അവശിഷ്ടം തെറിച്ചു വീണ് ഒരാള്‍ക്ക് പരിക്കേറ്റു. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവന്(32) എന്നയാള്‍ക്കാണ് പരിക്കേറ്റത്.
തലയില്‍ പരിക്കേറ്റ സജീവനെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു ക്ഷേത്രത്തിലെ ഉത്സവം നടന്നത്. പകല്‍ പൂരത്തിനു ശേഷം രാത്രി എട്ടോടെയാണ് വെടിക്കെട്ട് നടന്നത്.
വെടിക്കെട്ടിനിടെ കാണാന്നിന്നയാളുടെ തലയിലേക്കു വെടിക്കെട്ട് അവശിഷം തെറിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനു വെടിക്കെട്ട് കമ്മിറ്റി ചുമതലയുള്ള ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. കൊയിലാണ്ടി പന്തലായനി സ്വദേശി അമല്‍, വിയ്യൂര്‍ സ്വദേശി അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഊരള്ളൂര്‍ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വ്യാഴാഴ്ച രാത്രിയിലാണ് സംഭവങ്ങളുണ്ടായത്. കൊയിലാണ്ടി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍, ഡ്രൈവര്‍ എന്നിവരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ അമലും അജയും മര്‍ദിച്ചത്.
ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ബോര്‍ഡിലെ വാചകം ശരിയല്ലെന്നാരോപിച്ച് ഇത് എടുത്ത് മാറ്റണമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് സ്ഥലത്തെത്തി ഇരു പാര്‍ട്ടി പ്രവര്‍ത്തകരോടും സംസാരിച്ച് പ്രശ്നമുണ്ടാക്കാതെ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായാണ് യുവാക്കള്‍ പോലീസിനെ മര്‍ദിച്ചതെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ എസ്ഐയെ മർദിച്ച് സിപിഒയും സഹോദരനും നാട്ടുകാരും. നഗരൂർ എസ്ഐ അൻസറിനാണ് മർദനമേറ്റത്. സംഭവത്തിൽ പള്ളിക്കൽ സിപിഒ നന്ദുവിനെയും സഹോദരനെയും മറ്റ് ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. ഉത്സവത്തിനിടെ നാട്ടുകാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. എസ്ഐ അൻസറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇവരെ പിടിച്ചുമാറ്റി.
ഗാനമേളയ്ക്ക് ശേഷം പോലീസ് മടങ്ങി പോകുന്നതിനിടെ നന്ദുവിന്റെയും സഹോദരന്റെയും നേതൃത്വത്തിൽ ഒരു സംഘമാളുകൾ എസ്ഐ അൻസറിനെ വളഞ്ഞിട്ട് മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നുതന്നെ നന്ദുവിനെയും സഹോദരനെയും മറ്റ്ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Kerala
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽവച്ചാണ് ആന ഇടഞ്ഞത്.
സംഭവത്തിൽ രണ്ട് പാപ്പാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. പാപ്പാന്മാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്നെത്തിച്ച ശിവൻ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്.
പരിക്കേറ്റ പാപ്പാന്മാരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെ ആനയെ തളച്ചിരുന്നു.
Kerala
കൊച്ചി: പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്.
ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.
എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി.
തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.